മഹാമാരിയിലെ ആഘോഷങ്ങള്‍


മഹാമാരിയിലെ ആഘോഷങ്ങള്‍


ഡോ.സന്തോഷ്‌ വള്ളിക്കാട്

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ശാന്തിയുടേയും തക്ബീര്‍ ധ്വനികളുമായി വീണ്ടുമൊരു ഈദുല്‍ ഫിത്‌ര്‍. വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിന്‍റെ പ്രഭയിലാണ് ലോക മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കുന്നത്. വ്രതസമാപ്തിയുടെ വിജയാഘോഷം എന്നത്രെ ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. ചിട്ടയോടെയും സൂക്ഷ്‌മതയോടെയും ഒരു മാസം നീണ്ട വ്രതനി‌ഷ്‌ഠയുടെയും പുണ്യം പങ്കിടുന്ന ഒത്തുചേരല്‍ കൂടിയാണ് ഈദുല്‍ ഫിത്‌ര്‍. ഒരു മാസക്കാലം വ്രതാനുഷ്‌ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ദാനധര്‍മങ്ങളിലും മുഴുകിയ വിശ്വാസികള്‍ക്ക്‌ ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്ന്‌ ലഭിച്ച അവര്‍ണനീയമായ ദിനമത്രേ ഈദുല്‍ ഫിത്‌ര്‍‍.

വിഷമസന്ധികളിലാണ് നാം പുഞ്ചിരിക്കുകയും ജീവിതത്തെ ക്ഷമയും ധീരതയും കൊണ്ട് നേരിടുകയും വേണ്ടത്. ഇത്തരം ആഘോഷവേളകള്‍ മനസ്സിന് സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നവയാണ്.  പരിധികള്‍ ലംഘിക്കാതെ ആഘോഷിക്കുക എന്നത് കാലഘട്ടം കൂടി ആവശ്യപ്പെടുന്ന അനിവാര്യതയാകുന്നു. മാറാവ്യാധിയുടെ സങ്കടക്കടല്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ എങ്ങിനെയാണ് പെരുന്നാള്‍ ആഘോഷിക്കുക . ഉന്നതമായ സാമൂഹ്യബോധത്തിന്റെയും സാമുഹ്യ പ്രതിബദ്ധതയുടെയും പ്രകടനം കൂടിയാണ് പെരുന്നാള്‍ എന്നറിയുമ്പോഴാണ് ഈ ആഘോഷവേളകള്‍ക്ക് കോവിഡ് കാലത്ത് എന്ത് മാത്രം പ്രസക്തിയുണ്ട് എന്ന് നാം തിരിച്ചറിയുന്നത്!

മാനുഷിക മുഖമുള്ള സാമൂഹിക ക്ഷേമവും നന്മയും വിളംബരം ചെയ്യുന്നവയാണ് പെരുന്നാളുകള്‍.  ചെറിയ പെരുന്നാളിനോടനുബന്ധിച്ചു  ഫിത്വര്‍ സകാത്ത് നല്‍കല്‍ എല്ലാ വിശ്വാസികള്‍ക്കും നിര്‍ബന്ധമാക്കിയത് അത്തരമൊരു സാമൂഹ്യ വീക്ഷണത്തിന്റെ ഭാഗമാണ്.ഈദുല്‍ ഫിത്‌റിന്‍റെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ് ഫിത്‌ര്‍ സക്കാത്ത്. ശവ്വാല്‍ ഒന്ന് മാസപ്പിറ ദൃശ്യമായാല്‍ ഫിത്‌ര്‍ സക്കാത്ത് വിതരണം തുടങ്ങും. സാധുക്കളോടുള്ള ദയ, സമസൃഷ്ടി സ്‌നേഹം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ വിളംബരം ചെയ്യുന്ന സവിശേഷ ദാനമത്രേ ഫിത്‌ര്‍ സക്കാത്ത്‌. നിര്‍ബ്ബന്ധ ദാനമായ സക്കാത്തിനു പുറമെയുള്ള ഫിത്‌ര്‍ സക്കാത്ത് എല്ലാ വീടുകളിലും ഈദുല്‍ ഫിത്‌ര്‍ ദിനത്തില്‍ എത്തിക്കുന്നു. ആഘോഷദിനത്തില്‍ ആരും തന്നെ പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഫിത്‌ര്‍ സക്കാത്തിലൂടെ നിറവേറ്റുന്നത്. ശാന്തിയുടെയും സഹിഷ്‌ണുതയുടെയും ദീനാനുകമ്പയുടെയും സമസൃഷ്ടി സ്നേഹത്തിന്‍റെയും വിശ്വസൗഹാര്‍ദ്ദത്തിന്‍റെയും സന്ദേശമാണ്‌ ലോക ജനതയ്ക്ക് ഈദുല്‍ഫിത്‌ര്‍ നല്‍കുന്നത്. അക്രമത്തിന്‍റെയും അനീതിയുടെയും കാര്‍മേഘങ്ങള്‍ എന്നന്നേക്കുമായി നീങ്ങട്ടെ... സാമാധാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെ പ്രഭാതങ്ങള്‍ പുലരട്ടെ.

കൊറോണ കാലത്തെ ആശങ്കയിലും ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മലയാളികള്‍ വിഷു ആഘോഷിച്ചു. വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ ഇല്ലാതെ സ്വന്തം വീടുകളില്‍ വളരെ ലളിതമായ രീതിയില്‍ തന്നെയാണ് വിഷു സദ്യ ഒരുക്കിയതും.ഈസ്റ്ററും ഇങ്ങനത്തന്നെ ആയിരുന്നു. കോവിഡ് പശ്ചാത്തലത്തിലും ഭക്തിനിർഭരമായി വീടുകളിൽ ഓശാനച്ചടങ്ങുകൾ. മിക്ക ദേവാലയങ്ങളിലും വൈദികനും ശുശ്രൂഷകരടക്കം രണ്ടോ മൂന്നോ പേർ ചേർന്നാണ് ഓശാന ചടങ്ങുകൾ നടത്തിയത്. ചിലയിടത്തെ ശുശ്രൂഷകൾ വിശ്വാസികൾക്ക് ലൈവായി കാണാനുള്ള അവസരം ഒരുക്കിയിരുന്നു. വീടുകൾ ദേവാലയങ്ങളാക്കി ആയിരങ്ങൾ ശുശ്രൂഷകളിൽ പങ്കുചേർന്നു. കുരുത്തോലകൾ കയ്യിലേന്തിയുള്ള പ്രദക്ഷിണം ഇല്ലാതെ, കൂട്ടം ചേരാതെ നടന്ന ആഘോഷങ്ങൾ കോവിഡ് കാലത്തെ വേറിട്ട ഓശാന ആഘോഷമായി.മരണവും വിവാഹവും നമ്മള്‍ നടത്തിയത് ആരവങ്ങളും ആഘോഷങ്ങളും ഇല്ലാതെ.

ആഘോഷങ്ങളൊക്കെയും മനുഷ്യരെ ഒന്നിപ്പിക്കുന്ന ഉത്സവങ്ങളായിരുന്ന ഒരു ഭൂതകാലം ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്.  കലഹങ്ങളോ വര്‍ഗീയതയോ എന്തന്നറിയാത്ത ഒരു ഭൂതകാലം. ആ ഭൂതകാലം തിരിച്ചുപിടിക്കാന്‍ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം സ്‌നേഹത്തിന്റെ അരികില്‍ തലോടല്‍ സ്പര്‍ശമാകാനും സൗഹൃദത്തിന്റെ പുതിയ ഗാഥകള്‍ രചിക്കുവാനും നമുക്ക് കഴിയണം. എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമാകാന്‍ ആഘോഷങ്ങള്‍ക്കല്ലാതെ മറ്റെന്തിനാണ് കഴിയുക!


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Kottakkal- A cultural legend

അക്കിത്തം : കവിതയിൽ വെളിച്ചം നിറച്ച ഇതിഹാസം-ഡോ.സന്തോഷ്‌ വള്ളിക്കാട്

Dr.Santhosh Vallikkad